ലോകത്തില്‍ ആദ്യമായി ഭിന്നശേഷിക്കാര്‍ക്കായി ഒരു മൂവ്മെന്റ്; ഗിന്നസ് റെക്കോര്‍ഡ് ജേതാവിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ ഡിക്യു ഫാമിലി
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി വികസിപ്പിച്ച ‘ഫിംഗര്‍ ഡാന്‍സ്’ കേരളത്തിലുടനീളമുള്ള സ്‌കൂളുകളില്‍ എത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുള്‍പ്പെടെ പ്രയോജനകരമായ കലാരൂപമാണ് ഫിംഗര്‍ ഡാന്‍സ്. കോറിയോഗ്രാഫറായ ഇമ്ത്യാസ് അബൂബക്കറാണ് ഈ കലാരൂപം വികസിപ്പിച്ചത്. ഇമ്ത്യാസിന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ടോം ഇമ്മട്ടി ക്രിയേറ്റീവ് ഡയറക്ടറായിട്ടുള്ള ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയിലൂടെ സാധ്യമാകുന്നത്.
കേരളത്തില്‍ അധികം പ്രചാരമില്ലാത്ത നൃത്തരൂപമാണ് ഫിംഗര്‍ ഡാന്‍സ്. പേരുപോലെതന്നെ കൈകളിലൂടെയാണ് ഇത് അവതരിപ്പിക്കുന്നത്. കേരളത്തില്‍ പ്രചാരമില്ലാതിരുന്ന ഫിംഗര്‍ ഡാന്‍സിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയാണ് ഇമ്ത്യാസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ലൈവ് ഷോയും മ്യൂസിക് വിഡിയോയും അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തില്‍ തന്നെ ആദ്യമായിരുന്നു ഇത്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിംഗര്‍ ഡാന്‍സ് അവതരിപ്പിച്ചതും ഇമ്ത്യാസാണ്. ഒരു സിനിമയിലും ഫിംഗര്‍ ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. ഫിംഗര്‍ ഡാന്‍സിന് ഏകാഗ്രത ഏറെ ആവശ്യമുണ്ട്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഫിംഗര്‍ ഡാന്‍സ് ഏറെ ഉപകാരപ്രദമാണെന്ന് ഇമ്ത്യാസ് പറയുന്നു. കേരളത്തിലെ എല്ലാ സ്‌കൂളിലേക്കും ഫിംഗര്‍ ഡാന്‍സ് എത്തിക്കുക എന്നതായിരുന്നു ആഗ്രഹം. അതിനുള്ള പിന്തുണ ഉണ്ടായിരുന്നില്ല. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി ലോഞ്ചില്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ അത് സാധ്യമാകുകയുമായിരുന്നു. ഡിക്യുഎഫിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പതിനാല് ജില്ലകളിലുമുള്ള 324 സ്‌കൂളുകളിലേക്ക് ഫിംഗര്‍ ഡാന്‍സ് എത്തിക്കും. കൂടാതെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും കുട്ടികളുടെ ഡെയ്‌ലി ആക്ടിവിറ്റിയുടെ ഭാഗമാകുകയും ചെയ്യാനാണ് തീരുമാനം. തൃശൂര്‍ ഐഎഎന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ പീഡിയാട്രിക് ന്യൂറോഡെവലപ്‌മെന്റ് വിഭാഗം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സിജു രവീന്ദ്രനും ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജിലെ സൈക്കാട്രി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുമേഷ് ടി.പിയും
പരിപാടിയുടെ ഭാഗമാകും.
ഇന്നലെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ ലോഞ്ച് നടന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കലാകാരന്മാര്‍ക്കായി പ്രത്യേക സംരംഭം ഒരുക്കിയിരിക്കുന്നത്. പതിനായിരം കലാകാരന്മാര്‍ക്ക് അംഗത്വം നല്‍കുകയെന്നതാണ് കമ്മ്യൂണിറ്റിയുടെ ആദ്യലക്ഷ്യം. തങ്ങളുടെ കഴിവ് പുറത്തെടുക്കുവാന്‍ സാദ്ധ്യമായ ഒരു വേദി ലഭിക്കാത്ത കലാകാരന്മാര്‍ക്ക് ഒരു അവസരം നല്‍കുകയെന്നതാണ് ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം.