പി ഐ മുഹമ്മദ്കുട്ടി- മമ്മുട്ടി ” എന്ന അഭിനയത്താവിനെ ഒരു മണിക്കൂർ 48 മിനുട്ടുകളിൽ ഒരിടത്തും കാണാൻ പറ്റാഞ്ഞതിനാൽ ഈ എഴുത്തിൽ ഉടനീളം “അമുദവൻ” എന്ന കഥാപാത്രനാമം ഉപയോഗിക്കുന്നു.
അമുദവൻ ഒരു കടലുപോലെ വിശാലമാണ്. അയാളുടെ കൊച്ചു ലോകത്തിലെ അംഗസംഖ്യ കൂടുമ്പോളും അകലുമ്പോളും മാറിമറിയുന്ന വികാരങ്ങളുടെ കടൽ. അമുദവൻ ഏത് പെണ്ണും ആഗ്രഹിക്കുന്ന ഒരു ഉത്തമ അച്ഛനാണ്, മറ്റൊരർത്ഥത്തിൽ പിതൃതത്തിൽ ഒരു നിസ്സഹായതയുമാണ്.
ഒരുപാട് സംഘർഷങ്ങളിലൂടെ കടന്ന് പോകുന്ന ഒരു അച്ചനാണ് അമുദവൻ.
ആ കഥാപാത്രത്തിന്റെഒറ്റപ്പെടലുകളെയും കണ്ണീരുകളെയും ഉൾമുറിവുകളെയും ഇതിലും മനോഹരമായി ഒരാൾക്കു ആവിഷ്കരിക്കാൻ പറ്റുമോയെന്നു എനിക്കറിയില്ല.
അദ്ധ്യായം 01:
നിരാശനായ അമുദവൻ:
ഒറ്റപ്പെടൽ എന്നത് ഒരു മരുന്നിനും ഉണക്കാൻ പറ്റാത്ത മുറിവാണെന്ന് നിരാശനായ അമുദവൻ പറയാതെ പറഞ്ഞു പേരൻമ്പിൽ. ഒറ്റപെട്ടവനാണെങ്കിലും ചുറ്റുപാടിനെ അതറിയിക്കാതെ ചിരിക്കാൻ ശ്രമിക്കുന്ന മനുഷ്യനെ അമുദവൻ പക്വതയോടെ പകർണാടി. അയാളുടെ ഒറ്റപ്പെടലിൽ പ്രേക്ഷകനും ഒറ്റപെട്ടു. കാരണം അമുദവൻ ഞാൻ കണ്ട ജീവിതങ്ങളിൽ ഒന്നാണ്. അമുദവന്റെ ഒറ്റപ്പെടലിന്റെ നിരാശയിൽ ഞാനും ചങ്കിടിച്ചിട്ടുണ്ടെങ്കിൽ അത് അമുദവൻ എന്ന കഥാപ്രാത്രത്തിന്റെ പക്വതയാണ്. കൈയ്യൊതുക്കമാണ്, അമുദവനെ രൂപപെടുത്തിയവന്റെ മികവാണ്.
അദ്ധ്യായം 02:
സന്തുഷ്ടനായ അമുദവൻ.
തനിക്കും തന്റെ മകൾക്കുമായി ഒരു ഒറ്റപെട്ട ലോകം നിർമിക്കാൻ പെടാപ്പാടുപെടുന്ന അമുദവൻ, ആ ലോകത്തിലേക്ക് അതിഥികൾ കടന്നുവരുമ്പോൾ സന്തുഷ്ടനാകുന്നത് അയാളുടെ നിഷ്കളങ്കതയിൽ പ്രേക്ഷകന് സ്വീകാര്യമാകുകയാണ്. തന്റെ നിരാശയിൽ നിന്നു സന്തോഷത്തിലേക്കും പ്രതീക്ഷയിലേക്കുമുള്ള അമുദവന്റെ ആ ചാട്ടം, ഒരു അഭിനയതാവിന്റെ പക്വതയ്ക്കും മുകളിൽ അമുദവൻ അനശ്വരമാക്കി. ഒന്നമില്ലായ്മ , പ്രതീക്ഷയില്ലായ്മ, ഇവക്കുള്ളിലെ ആ വലിയ ശൂന്യത അത് ഇതിലും മുകളിലായി ഒരാൾക്ക് വരച്ചുകാട്ടാൻ പറ്റുമെന്ന് തോന്നുന്നില്ല. അമുദവന്റെ ഓരോ ശൂന്യതയ്ക്കും ഉള്ളിൽ പ്രേക്ഷകന്റെ മനസാക്ഷിയാണ്. മക്കൾക്കുവേണ്ടി, ഉള്ളിലെ തേങ്ങൽ മറച്ചു, പാട്ടുപാടുകയും ചുവടുവെക്കുകയും, പ്രായത്തിന്റെ വൈകല്യത്തിൽ അണയ്ക്കുകയും ചെയ്യുന്ന അമുദവനെ അങ്ങനെ പെട്ടന്ന് ഒരു പ്രേക്ഷകനും മറക്കാൻ കഴിയില്ല.
അദ്ധ്യായം 3:
പക്വതയുള്ള അമുദവൻ.
മകളുടെ വളർച്ചയിൽ അമുദവൻ അവളിൽനിന്നു അകലുകയായിരുന്നു. പാപ്പായുടെ മുഖത്ത് പൊട്ടിമുളച്ച ‘മുഖക്കുരു’ വിൽ തുടങ്ങിയ രണ്ടാംപകുതി, മറ്റൊരർത്ഥത്തിൽ അമുദവന്റെ ജീവിതത്തിന്റെയും രണ്ടാംപകുതി ആരുന്നു. “എങ്ങനെ ആവിഷ്കരിക്കും” എന്നോർത്ത പലകാര്യങ്ങളെയും അതിലേറെ പക്വതയോടെ സമീപിച്ച അമുദവന്റെ ശിൽപ്പിയ്ക്ക് ഒരു കുതിരപ്പവൻ. സെക്സ്, ട്രാൻസ്‍ജെൻഡർ എന്നീ അതീവഗൗരവ തലങ്ങളെ എതൊരാളും കണ്ടിരിക്കേണ്ട രീതിയിൽ അമുദവൻ, അല്ല, അമുദവനിലൂടെ വരച്ചുകാട്ടി.
മീരയെ മീരയായും വിജയലക്ഷ്മിയെ വിജയലക്ഷ്മിയായും, ജീവിതത്തിൽ സ്വീകരിക്കുന്നതിലൂടെയും, അകത്തുന്നതിലൂടെയും, മനുഷ്യനെ മനുഷ്യനായി കാണാനുള്ള അമുദവന്റെ പക്വതയാണ് ശില്പി വരച്ചുകാട്ടുന്നത്.
അധ്യായം 04:
അമുദവനിലൂടെ ഞാൻ:
സ്വന്തം ആവശ്യങ്ങൾക് മറ്റൊരാളുടെ സഹായം തേടേണ്ടി വരുന്ന സ്പാസ്റ്റിക്കായ ഒരു പെൺകുട്ടി, അവൾ കൗമാരത്തിലേക്ക് കയറുമ്പോൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ പറ്റി ഞാൻ ഇത് വരെ ആലോചിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല.
ചുറ്റുപാടുമുള്ള, ഞാൻ ഉൾപ്പെടുന്ന സമൂഹത്തിലുള്ള കൗമാരങ്ങൾ അനുഭവിച്ച ലൈംഗിയചിന്തകളെ, പാപ്പയെ പോലുള്ള കുട്ടികൾ എങ്ങനെ നേരിടുന്നു എന്ന് ഞാനിതുവരെ ആലോചിച്ചിട്ടില്ല.
ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ, അമ്മ എത്രത്തോളം മുഖ്യപങ്കു വഹിക്കുന്നു എന്ന് ഞാനിതുവരെ മനസ്സിലാക്കിട്ടില്ല .
“കേരളത്തിൽ ഞങ്ങൾ വിഷുവിനും ഓണത്തിനും അതുപോലുള്ള വേണ്ടപ്പെട്ട ദിവസങ്ങളിലുമാണ് ഈ സാരി ഉടുക്കുന്നത്” അണിഞ്ഞൊരുങ്ങിയ വേഷത്തിൽ മീര അമുദവനോട് പറഞ്ഞ ഈ വാക്കുകളിൽ അവളിലൂടെ ഒരു സമൂഹത്തിന്റെ സ്വപ്നങ്ങളെയാണ് അവൾ വിളിച്ചുപറഞ്ഞത്.
മക്കൾക്കുവേണ്ടി ബ്രോത്തൽ സെൻററിൽ നിന്ന് തല്ലുകിട്ടിയ ശേഷമുള്ള അമുദവന്റെ മറുപടിയിൽ ഞാൻ എവിടെയോ കരഞ്ഞു 🙂
വാലറ്റം: ഈ പത്രണ്ട് തലക്കെട്ടുകൾ :
ഇയർക്കൈ വെറുപ്പാനത്
ഇയർക്കൈ അതിസയമാനത്
ഇയർക്കൈ കൊടൂരമാനത്
ഇയർക്കൈ അർപ്പുതമാനത്
ഇയർക്കൈ പുതിരാനത്
ഇയർക്കൈ ആപത്താനത്
ഇയർക്കൈ സുതന്ത്രമാനത്
ഇയർക്കൈ ഇറക്കമറ്റത്
ഇയർക്കൈ ദാഹമാനത്
ഇയർക്കൈ വിധികളറ്റത്
ഇയർക്കൈ മുടിവറ്റത്
ഇയർക്കൈ പേരൻപാനത്…
ഇതാണ് ജീവിതം…ഞാൻ കണ്ട ജീവിതം.
വാണിജ്യ സമീപനത്തിനുമപ്പുറം ഒരു പാഠപുസ്തകമാണ് ‘പേരൻപ്’. ചുറ്റുപാടുമുള്ള അമുദവന്മാരെയും, മീരയെയും, പാപ്പയെയും മനസ്സിലാക്കാനുള്ള പാഠപുസ്തകം. അവാർഡ് ചിത്രമല്ല, ദശാബ്ദത്തിൽ അനുഭവിക്കേണ്ട ഒരു അനുഭവമാണ് പേരൻപ്
Akhil Joseph
❤