മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ കുറുപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സീ കമ്പനി; ആഗോള ബിസിനസ് 112കോടി

3 years ago
2000 Views

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ കുറുപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സീ കമ്പനി; ആഗോള ബിസിനസ് 112കോടി

 

 

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സീ കമ്പനി. ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വന്‍ തുക കമ്പനി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമാണ് ചിത്രം നിര്‍മിച്ചത്. ഇരു നിര്‍മാണ കമ്പനികളുമായി സീ കരാറില്‍ ഒപ്പിട്ടതായാണ് വിവരം.

 

35 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ കുറുപ്പിന്റെ ആഗോള ബിസിനസ് 112 കോടിയാണ്. തീയറ്റര്‍, ഒടിടി, ഡബ്ബിംഗ്, സാറ്റലൈറ്റ് റൈറ്റ്‌സ് ഉള്‍പ്പെടെയാണ് ചിത്രം വന്‍ തുക കളക്ട് ചെയ്തത്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് വാര്‍ത്തയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് കുറുപ്പ്.

 

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പ്രമേയമാക്കിയാണ് കുറുപ്പ് ഒരുക്കിയത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. ജിതിന്‍ കെ ജോസിന്റേതായിരുന്നു കഥ. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ പന്ത്രണ്ടിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. തുടര്‍ന്ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിലും സ്ട്രീം ചെയ്തിരുന്നു.

 

ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായികയായി എത്തിയത്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി. ദുല്‍ഖര്‍ സല്‍മാനെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറിലേക്ക് വളര്‍ത്തിയതില്‍ കുറുപ്പിന് നിര്‍ണായക പങ്കുണ്ട്. ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനവും ശ്രദ്ധനേടിയിരുന്നു.

Comments

Leave a Comment

Your email address will not be published. Required fields are marked *