ദുല്‍ഖറിനെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിക്കുന്നത് ഇതുകൊണ്ട്….
സീതാരാമത്തിലൂടെ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫിസ് കളക്ഷന്‍ അന്‍പത് കോടിയായി മാറി. ഒരു മലയാളതാരം തെലുങ്ക് സിനിമയില്‍ എത്തി അന്‍പത് കോടി നേടുന്നത് ഇത് ആദ്യം തന്നെ. സീതാരാമത്തിലൂടെ തെലുങ്ക് സിനിമാ മേഖലയില്‍ ഇടം ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ദുല്‍ഖര്‍ സല്‍മാന്‍. സീതാരാമത്തിലൂടെ അമേരിക്കയിലും ദുല്‍ഖര്‍ സല്‍മാന്‍ സൃഷ്ടിച്ചത് വന്‍ ചലനം തന്നെയാണ്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ യുഎസ്എ ബോക്സ്ഓഫിസില്‍ നിന്ന് ചിത്രം വണ്‍ മില്യണ്‍ യുഎസ് ഡോളറില്‍ (8.28 കോടി) അധികം നേടിക്കഴിഞ്ഞു. അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചു. നേരത്തേ ദുല്‍ഖറിന്റെ തന്നെ ഒ.കെ കണ്‍മണി എന്ന ചിത്രം വണ്‍ മില്യണ്‍ ഡോളര്‍ നേടിയിരുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനായി എത്തിയ മഹാനടി 2 മില്യണ്‍ ഡോളറാണ് സ്വന്തമാക്കിയത്.
ഓഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമേ തമിഴ്നാട്ടിലും വിദേശ രാജ്യങ്ങളിലും യുഎഇയിലും മികച്ച പ്രതികരണം തന്നെ നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ഈ ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
#SeethaRamam #dulkhar #dulkharsalman #DQ #seetharamammovie