കണ്ണൂർ സ്ക്വാഡ്  – ജോർജ്ജ് മാർട്ടിൻ എന്ന പോലീസുകാരനായി മെഗാസ്റ്റാറിന്റെ മറ്റൊരു തകർപ്പൻ പ്രകടനം

1 year ago
447 Views

കണ്ണൂർ സ്ക്വാഡ്

ഒരേ സമയം ഒരു ക്രൈം ത്രില്ലറും ഒരു ഇൻവെസ്റ്റിഗേഷൻ റോഡ് മുവീയുമാണ് ഈ ചിത്രം.

പ്രതികളെ ആദ്യം തന്നെ കാണിച്ചിട്ട് അവർക്കു പിന്നാലെയുള്ള പാച്ചിൽ.

നാടും നഗരവും വിട്ട് ബാംഗ്ലൂർ വഴി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ കടന്ന് നേപ്പാൾ അതിർത്തി വരെ എത്തി നിൽക്കുന്ന റിയലിസ്റ്റിക്ക് ക്ലാസ്സ് മാസ്സ് ഇൻവെസ്റ്റിഗേഷൻ ചിത്രം.

 

ഒരു ASI ഉം മൂന്ന് സാധാ പോലീസുകാരും.

10 ദിവസത്തിനുള്ളിൽ തീർക്കേണ്ട ഒരു അന്വേഷണം.

2 മണിക്കൂർ 35 മിനിട്ടു കൊണ്ട് മലയാള സിനിമയിലെ ഏറ്റവും മികച്ച റിയലസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന ഖ്യാതി നേടിയിരിക്കുകയാണ് ചിത്രം.

 

പഴുതുകളില്ലാത്ത സമയമെടുത്തെഴുതിയ സൂപ്പർ തിരക്കഥ.

റോണിയും മുഹമ്മദ് ഷാഫിയുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

സാഹചര്യങ്ങൾക്കനുസരിച്ചുള്ള സീനുകൾ, അതി ഭാവുകത്വമില്ലാത്ത അമാനുഷികതയില്ലാതെ ഫ്രെയിമിലാക്കിയ സംവിധാന മികവ്,

ഷോട്ടുകളെല്ലാം കിറു കൃത്യം.

സാങ്കേതിക തികവു കൊണ്ട് ശരിക്കും സംവിധായകൻ റോബിയും വിസ്മയിപ്പിച്ചു കളഞ്ഞു.

ക്യാമറ കൊണ്ട് വിസ്മയം തീർത്ത ക്യാമറാമാൻ മുഹമ്മദ് റാഹിൽ.

ഒരു നിമിഷം പോലും ലാഗില്ലാതെ കട്ടു ചെയ്ത എഡിറ്റർ പ്രവീൺ പ്രഭാകർ.

അടിപൊളിയിലൊതുങ്ങാതെ ഇരുത്തം വന്ന സംഗീത സംവിധായകനായി സുഷിൻ ശ്യാമും.

 

ജോർജ്ജ് മാർട്ടിൻ എന്ന പോലീസുകാരനായി മെഗാസ്റ്റാറിന്റെ മറ്റൊരു തകർപ്പൻ പ്രകടനം.

ഈ 72-ാം വയസിലും ഓരോ സിനിമയിലും ഇദ്ദേഹം കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ കടുപ്പം തന്നെ.

കാലത്തിനൊപ്പം തേച്ചു മിനുക്കി മുന്നേറുന്ന മഹാ വിസ്മയമാണ് മെഗാസ്റ്റാർ.

ഒപ്പം റോണിയും അസീസും ശബരീഷും മികവു പുലർത്തി.

ആക്ഷൻ സീനുകളെല്ലാം തീപാറിച്ചു.

പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ഉൾ ഗ്രാമത്തിലെ രാത്രിയിലുള്ള സീനുകൾ.

കൊടുത്ത കാശ് മുതലാകാൻ ആ ഒരു സീൻ മാത്രം മതി.

 

മലയാള സിനിമയിലെ ആദ്യത്തെ ലക്ഷണമൊത്ത റിയലിസ്റ്റിക് കുറ്റാന്വേഷണ ചിത്രം യവനികയാണ്.

അതിലെ ജേക്കബ് ഈരാളി ഇന്നും ഒരു വിസ്മയമാണ്.

41 വർഷങ്ങൾക്കിപ്പുറം ജോർജ്ജ് മാർട്ടിനെന്ന പോലീസുകാരനായി മമ്മൂക്ക തിളങ്ങുമ്പോൾ കാലത്തിന് തോൽപ്പിക്കാനാവാത്ത ആ മഹാനടന വിസ്മയത്തിന് ആദരവോടെ നമുക്കും ഒരു സല്യൂട്ട് നൽകാം.

 

My rating 4.5/5

Vishnu Sreekumar

Comments

Leave a Comment

Your email address will not be published. Required fields are marked *